ബസുകൾക്ക് സഞ്ചരിക്കാൻ മനുഷ്യത്വത്തിന്റെ ഇന്ധനം കൂടി വേണമെന്ന് ഓർമിപ്പിക്കുന്ന സംഭവങ്ങൾ തുടരെ ഉണ്ടാവുന്നത് സങ്കടകരമാണ്. വയനാട് മീനങ്ങാടിയിൽ ഒരു അച്ഛനും മകൾക്കും സ്വകാര്യ ബസിൽ നിന്നുണ്ടായ ദുരനുഭവം നമ്മളെ ആത്മപരിശോധനയിലേക്കു കൊണ്ടുപോകണം.
വ്യാഴാഴ്ച ബത്തേരിയിൽ നിന്ന് മീനങ്ങാടിയിലേക്കുള്ള യാത്രയിലായിരുന്ന ജോസഫ് എന്ന കർഷകനും മകൾ നീതുവുമാണ് ബസ് ക്രൂരതക്ക് ഇരയായത്. മീനങ്ങാടിയിൽ ബസിൽ കയറാൻ വിദ്യാർത്ഥികൾ ഓടിയെത്തിയപ്പോഴാണ് സംഭവം. അവരെ കയറ്റാതിരിക്കാനായി ബസ് വേഗത്തിൽ മുന്നോട്ടെടുത്തപ്പോൾ ഇറങ്ങാനൊരുങ്ങിനിന്ന നീതു റോഡിലേക്ക് വീഴുകയായിരുന്നു. പിൻവാതിലിലൂടെ നേരത്തെ പുറത്തിറങ്ങിയ ജോസഫ് മകൾ വീണതുകണ്ട് ബസ് നിർത്തിക്കാനായി ഓടി. ഡോറിൽ പിടിച്ച് , ഒരുകാൽ ചവിട്ടുപടിയിൽ വച്ചപ്പോഴേക്കും കണ്ടക്ടർ പിടി വിടുവിപ്പിക്കുകയായിരുന്നു എന്നാണു പരാതി. തുടർന്ന് റോഡിലേക്ക് വീണ അദ്ദേഹത്തിന്റെ രണ്ടു കാലിലൂടെയും ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി.
ഇരുവരും പരിക്കേറ്റ റോഡിൽ വീണിട്ടും ബസ് നിർത്താതെ പോയി. പിന്നാലെ ഓടിയെത്തിയ നാട്ടുകാർ തടഞ്ഞപ്പോൾ മാത്രമാണ് ഡ്രൈവർ ബസ് നിർത്തിയത്. നാട്ടുകാരാണ് ജോസഫിനെയും മകളെയും ആശുപത്രിയിൽ എത്തിച്ചതും. ഇരു കാലുകളുടെയും തുടയെല്ലുകൾ തകർന്നുപോയ ജോസഫ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. ചുരുങ്ങിയത് ആറുമാസമെങ്കിലും ഒരേ കിടപ്പു കിടക്കേണ്ട ദുരവസ്ഥായിലാണ് അദ്ദേഹം. അടുത്ത മാസം നീതുവിന്റെ വിവാഹവും നിശ്ചയിട്ടുണ്ട്. വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി ഓടിനടക്കുന്നതിനിടയിലാണ് ഈ ദുർയോഗം. നീതുവിൻെറ ഇടതുകൈയിൽ പൊട്ടലും ചതവുമുണ്ട്. ബസിനടിയിൽപ്പെടാതെ കഷ്ടിച്ചാണ് ആ പെൺകുട്ടി രക്ഷപെട്ടത്. ബസ് ജീവനക്കാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതുകൊണ്ട് മാത്രം മറക്കാവുന്ന ക്രൂരതയാണോ ഇത് ?
വിദ്യാർത്ഥികളെ കയറ്റാതിരിക്കാനുള്ള ജീവനക്കാരുടെ കുബുദ്ധിയാണ് അപകടത്തിൽ കലാശിച്ചതെന്ന് പറയാം. യാത്രാസൗജന്യമുള്ള കുട്ടികളെ കയറ്റാതിരുന്നാൽ ആ സ്ഥലത് കൂടി മറ്റു യാത്രക്കാരെ കുത്തിനിറച്ചാലുണ്ടാകുന്ന അമിത ലാഭത്തിലാണ് ഇത്തരക്കാരുടെ കണ്ണ്. ബസിൽ കയറുന്ന വിദ്യാർത്ഥികളോട് വളരെ മോശമായാണ് ചില ജീവനക്കാരെങ്കിലും പെരുമാറുന്നത്. ബസ്റ്റാൻഡിൽ നിന്ന് എല്ലാ യാത്രക്കാരും കയറുന്നതുവരെ കുട്ടികൾ പുറത്തെ പൊരിവെയിലത്തു കാത്തുനിൽക്കണം. ബസ് പുറപ്പെടുന്നതിനു തൊട്ടുമുൻപ് മാത്രമേ കുട്ടികൾക്ക് കയറാൻ അനുവാദമുള്ളൂ. എല്ലാവരും കയറുന്നതിനുമുന്പായി ബിസ് വിട്ടു പോവുകയും ചെയ്യും. ഇതിനിടെ കൊച്ചുകുട്ടികൾ വീണു പരിക്കേൽക്കാറുമുണ്ട്. ബസിൽ സെറ്റ് ഒഴിവുന്ടെകിൽ പോലും വിദ്യാർത്ഥികളെ ഇരിക്കാൻ അനുവദിക്കാത്ത ജീവനക്കാരുണ്ട്. സ്കൂളിനോട് ചേർന്നുള്ള സ്റ്റോപ്പുകളിൽ നിർത്താതെ പോവുന്ന ബസ്സുകളുമുണ്ട്. നിർത്തിയാൽത്തന്നെ സ്റ്റോപ്പിൽനിന്നു ഏറെ ദൂരെ മാത്രം. ഇവിടേയ്ക്ക് കുട്ടികൾ ഓടിയെത്തുന്നതിനു മുൻപേ ബസ് നീങ്ങിയിരിക്കും.
ബസ്സിന്റെ ഒരു ട്രിപ്പിനോളം പോലും മനുഷ്യജീവന് വില കൽപ്പിക്കാത്ത കാഴ്ചകൾ കണ്ടു കേരളം പലപ്പോഴും ലജ്ജയോടെ തല താഴ്ത്തിയിട്ടുണ്ട്. 2018ഇൽ കൊച്ചി നഗരത്തിൽ യാത്രക്കിടെ കുഴഞ്ഞുവീണ ആദിവാസി യുവാവിനോട് സ്വകാര്യ ബസിലെ ജീവനക്കാർ കാട്ടിയ ക്രൂരത വലിയ പ്രേതിഷേധത്തിനു കാരണമായി. അടിയന്തര ചികിത്സ ലഭിക്കേണ്ട സമയ ആശുപത്രിയിയിൽ എത്തിക്കാതിരുന്നത് കൊണ്ടാണ് ടി കെ ലക്ഷ്മണൻ എന്ന ആ യാത്രക്കാരൻ മരിച്ചതെന്നായിരുന്നു പരാതി. ബസ് ഏതെങ്കിലും ആശുപതിയിലേയ്ക്ക് വിടാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ട്രിപ്പ് മുടങ്ങുമെന്ന കാരണത്താൽ ജീവനക്കാർ വിസമ്മതിക്കുകയായിരുന്നു. ഒട്ടേറെ സ്റ്റോപ്പുകളിൽ ബസ് നിർത്തി, യാത്രക്കാരെ കയറ്റിയിറക്കി ബസ് ഇടപ്പള്ളിയിൽ എത്തിയിട്ടായാണ് ലക്ഷമണനെ ഇറക്കിയത്.
ജീവിതം പോലെതന്നെ ബസുകളും ഓടേണ്ടത് നന്മയുടെയും മനുഷ്യത്വത്തിന്റെയും പാതയിലൂടെയാവണമെന്നു പറഞ്ഞുതരികയാണ് വയനാട്ടിലെ അച്ഛന്റെയും മകളുടെയും സങ്കടം.