ആപ്പിൾ വാച്ചിലെ ഫാൾ ഡിറ്റക്ഷൻ ഫീച്ചർ ഇപ്പോൾ അഭിനന്ദനങ്ങൾ ഏറ്റവു വാങ്ങുകയാണ്. അപകടത്തിൽപെട്ട തന്റെ ഉടമയെ രക്ഷിക്കാൻ അടിയന്തിര സേവനങ്ങളെ ബന്ധപ്പെട്ടത് ആപ്പിൾ വാച്ച് ആണ്. വീണ് അബോധാവസ്ഥയിലായ ആപ്പിൾ വാച്ച് ഉടമയെ രക്ഷിച്ചത് വാച്ചിലെ ഫാൾ ഡിറ്റക്ഷൻ ഫീച്ചറാണ്. ഈ സംവിധാനത്തിലൂടെയാണ് ആപ്പിൾ വാച്ച് പോലീസിനെ ബന്ധപ്പെട്ട് തന്റെ ഉടമ അപകടത്തിലാണ് എന്ന് അറിയിച്ചത്.
ഏപ്രിൽ 23 നാണ് സംഭവം. അമേരിക്കയിലെ ചാൻഡ്ലർ പോലീസിന് ഒരു ഫോൺ കോൾ വന്നു. കംപ്യൂട്ടർ നിർമിത ശബ്ദത്തിലുള്ള സംസാരമാണ് ഫോണെടുത്ത പോലീസുകാരൻ കേട്ടത്. ഒരു ആപ്പിൾ വാച്ച് ഉപയോക്താവ് വീണിട്ടുണ്ടെന്നും പ്രതികരിക്കുന്നില്ലെന്നും അറിയിച്ചു. സംഭവം നടന്ന സ്ഥലത്തിന്റെ കൃത്യമായ ലൊക്കേഷൻ നൽകുകയും ചെയ്തു.
ഉടൻ തന്നെ പട്രോളിലുണ്ടായിരുന്ന പോലീസുകാർ സ്ഥലത്തെത്തുകയും ആപ്പിൾ വാച്ച് ധരിച്ച ഒരാൾ താഴെ വീണ് കിടക്കുന്നത് കണ്ടെത്തുകയും ചെയ്തു. പോലീസ് എത്തുന്നത് വരെ തന്നെ തേടി സഹായമെത്തുമെന്ന് വീണുകിടക്കുന്നയാൾ അറിഞ്ഞിരുന്നില്ല. ഈ സംഭവമാണ് ആപ്പിൾ വാച്ചിലെ സാങ്കേതിക വിദ്യയെ പ്രശംസയ്ക്ക് അർഹമാക്കിയത്.
ആപ്പിൾ വാച്ച് സീരീസ് 4 ലും അതിന് ശേഷം വന്ന പതിപ്പുകളിലുമാൺ ബിൽറ്റ് ഇൻ ഫാൾ ഡിറ്റക്ഷൻ സംവിധാനമുള്ളത്. പെട്ടന്നുള്ള വീഴ്ച തിരിച്ചറിയാൻ ഈ സാങ്കേതിക വിദ്യയ്ക്കാവും. വീഴ്ച ശ്രദ്ധയിൽ പെട്ടാൽ ഉടൻ വാച്ചിന്റെ സ്ക്രീനിൽ ഒരു അറിയിപ്പ് വരും.
‘നിങ്ങൾ വീണതായികാണുന്നു’ എന്ന് തുടങ്ങുന്ന അറിയിപ്പിൽ അടിയന്തിര സേവനങ്ങളെ ബന്ധപ്പെടാനുള്ള ബട്ടനും തനിക്ക് പ്രശ്നം ഒന്നുമില്ല എന്നറിയിക്കാനുള്ള ബട്ടനും ഉണ്ടാവും. വാച്ചിന്റെ അറിയിപ്പിനോട് പ്രതികരിക്കാൻ കഴിയുന്ന അവസ്ഥിലാണ് അതിന്റെ ഉപയോക്താവ് എങ്കിൽ ഈ ബട്ടനുകളിൽ ഏതെങ്കിലും ഉപയോഗപ്പെടുത്താം.
വീഴ്ച തിരിച്ചറിഞ്ഞ് നിർദേശം നൽകി ഒരു മിനിറ്റിനുള്ളിൽ ഉടമ പ്രതികരിച്ചില്ലെങ്കിൽ ആപ്പിൾ വാച്ച് സ്വമേധയാ അടിയന്തിര സേവനങ്ങളെ ബന്ധപ്പെട്ട് വിവരം അറിയിക്കും. ഫോൺ വിളിക്കുകയും ലൊക്കേഷൻ സന്ദേശമായി അയച്ചുകൊടുക്കുകയും ചെയ്യു.
അടുത്തിടെ എമർജൻസി എസ്ഒഎസ് ഫീച്ചറിൽ ഉടമയുടെ മെഡിക്കൽ ഐഡി വിവരങ്ങൾ അടിയന്തിര സേവനങ്ങൾക്ക് കൈമാറുന്ന ഫീച്ചറും അവതരിപ്പിച്ചിരുന്നു.